Friday 1 August 2014

മരുഭൂമിയിൽ നിന്നും പച്ചപ്പ്‌ തേടി... (PART-1)

ഡിസ്ക്ലൈമർ :- 
ആരുടെ കുറ്റം കൊണ്ടായാലും, ഇനി അഥവാ സ്വന്തം കുറ്റം കൊണ്ടാണെങ്കിൽ പോലും എന്തെങ്കിലും സംഭവിച്ചാൽ, അത് മറ്റൊരുത്തന്റെ തലയില കെട്ടി വെച്ച്, അവനെ പഴിചാരി, അവനെ തെറി വിളിച്ചു ആശ്വസിക്കുന്ന മലയാളിയുടെ ശീലം ഇവിടെയും  ഞാൻ തെറ്റിക്കുന്നില്ല.


മരുഭൂമിയിൽ നിന്നും പച്ചപ്പ്‌ തേടി... (ഒരു യാത്രാ വിവരണം പോലെ എന്തോ ഒന്ന് - 3 നൈറ്റ്‌സ് ആൻഡ്‌ 2 ഡേയ്സ്) 

സ്റ്റാർട്ട്‌... ക്യാമറ... ആക്ഷൻ... (റോളിംഗ്)

ഭാഗം 1 

വന്ന മൂന്നാം ദിവസം തന്നെ എനിക്ക് മനസിലായി രാജസ്ഥാൻ നമുക്ക് പറ്റിയ ഇടമല്ലന്നു! അതുകൊണ്ട് തന്നെ കിട്ടിയ ആദ്യ തക്കത്തിൽ  (4 മാസങ്ങള്ക്ക് ശേഷം)അവിടെന്നു രക്ഷപ്പെടാനും തീരുമാനിച്ചു...

ഇപ്പൊ പറന്നു  പൊങ്ങുന്ന വിമാനങ്ങൾ ഒന്നും തിരിച്ചു താഴെ ഇറങ്ങുന്നത് അതെ അവസ്ഥയിൽ അല്ലെന്നാണ് പരക്കെയുള്ള സംസാരം, വാർത്തകളും അത് തന്നെ പറയുന്നു. അതുകൊണ്ടും പിന്നെ ഒരു എക്സ്പ്പീരിയെൻസ് ആയിക്കോട്ടെ എന്ന് കരുതിയും ആണ് നമ്മുടെ നൻപൻ സോമണ്ണൻ (എന്ന് വിളിക്കുന്ന അരുണ്‍ സോമാനാതൻ നായർ, എക്സ്-ലോക്കോ പൈലറ്റ് ആൻഡ്‌ നൗ ഡിസൈൻ എഞ്ചിനീയർ അറ്റ്‌ ഇന്ത്യൻ റെയിൽവേസ് ) പറഞ്ഞ പ്രകാരം രാജസ്ഥാൻ മരുഭൂമിയിൽ നിന്നും തിരോന്തോരത്തേക്കുള്ള യാത്ര ട്രെയിനിൽ ആക്കിയത്.

തുടർന്ന് ഇതിലേക്കായി നിസാമുദ്ദീൻ-തിരോന്തോരം SF എക്സ്പ്രസ്സിൽ ഒരു ടിക്കെട്ടും അങ്ങ് ബുക്ക് ചെയ്തു, തത്കാലിൽ തന്നെ. ഞാൻ ഇങ്ങനൊരു സാഹസം കാണിക്കാൻ ഒരുങ്ങുന്നത് ആരെയെങ്കിലും ഒക്കെ അറിയിക്കണമല്ലോ എന്ന് കരുതി, ദില്ലി-തിരോന്തോരം നിത്യ യാത്രികനായ ദില്ലിവാല വാളി കുമാരനെ (ശരത് വി എം) വിളിച്ചു പറയാമെന്നു കരുതി. അവനെ വിളിച്ചു കാര്യം പറഞ്ഞതും, മറുതലക്കൽ നിന്ന് നിർത്താതെ ചിരി.. അത് പൊട്ടിച്ചിരി ആവുന്നു, അട്ടഹാസം ആവുന്നു.. 
ശെടാ ഇതെന്താ കാര്യം.. 
*ചിരിക്കൊടുവിളിൽ*
വാളി - "ഏയ്‌ ഒന്നുമില്ല, ചുമ്മാ
ഞാൻ - അല്ല എന്തോ ഉണ്ട്.. എന്താണേലും പറയ്‌..
വാളി - "ഹഹ ഹുയ്യോ ഹിഹി" (വീണ്ടും)
ഞാൻ - കാര്യം എന്തെന്ന് പറയടേ...
വാളി - "രാജധാനി ഒന്നും കിട്ടീല്ലേ?"
ഞാൻ - ഇല്ല. ഇതില് മാത്രേ ടിക്കെട്ടു ഉണ്ടായിരുന്നോളു.
വാളി - "ഹാ.. എന്തായാലും ഇതിൽ തന്നെ പോകുവല്ലേ, ഒരു 5-6 ലിറ്റർ വെള്ളം എടുത്തു വെച്ചോ, അങ്ങെത്തും വരെ അതും കുടിച്ചു കുടിച്ചു ഇരിക്കാം."
ഞാൻ - അതെന്താ അതിൽ വേറൊന്നും കിട്ടൂലെ?
വാളി - "ഡാ അതിൽ പാൻട്രി ഇല്ല ! കൊച്ചുവേളി പോലത്തെ സ്റ്റേഷനിൽ ഒക്കെയേ നിർത്തു, അതുകൊണ്ട് വല്ലതും വാങ്ങിച്ചു തിന്നാൻ കിട്ടിയാൽ ഭാഗ്യം! ഞാൻ അമ്മായി-അപ്പനെയും അമ്മായി-അമ്മയെയും അതിൽ പോകാൻ ടിക്കെട്ടു എടുത്തതാ, പക്ഷെ വെയ്റ്റിംഗ് ലിസ്റ്റിൽ കിടന്ന രാജധാനി ഓക്കേ ആയോണ്ട്, പിന്നെ അവർ അതിൽ കേറി പോയി."
ഞാൻ - യാത്ര തുടങ്ങും മുമ്പേ തെയ്ഞ്ഞോ... ദൈവമേ...
വാളി - "ഹാ ഇനി വല്ല ചിപ്സോ ബ്രെഡോ ഒക്കെ മേടിച്ചു കൊണ്ട് പോ"
ഞാൻ - ഹും... എന്തായാലും വരണടത്തു വെച്ച് കാണാം.. ഞാൻ രണ്ടും കൽപ്പിച്ചു !

രാത്രി 11.40 നു ആണ് ട്രെയിൻ, ഞാൻ റിസ്ക്‌ എടുക്കണ്ടന്ന് കരുതി 8.15 കഴിഞ്ഞപോലെ വീട്ടിൽ നിന്നും ഇറങ്ങി.

രാജസ്ഥാനിൽ ഞാൻ താമസിച്ചിരുന്ന ഇടത്തു നിന്നും 90km ഉണ്ട് ഡല്ഹി വരെ. ടാസ്കി വിളിച്ചു. ദില്ലി-ജൈപൂർ ഹൈവേയിൽ പാണ്ടി ലോറികളെ വെല്ലുന്ന കൂറ്റൻ കണ്ടയിനർ ലോറികൾ മത്സരിച്ചു ഓടുന്ന സമയം ആണെന്ന് പിന്നീടാണ് മനസിലായത്. എന്തോ ഭാഗ്യം കൊണ്ടും, ടാസ്കി ഡ്രൈവർ നല്ല മിടുക്കൻ ആയതുകൊണ്ടും സമയത്ത് സ്റ്റേഷൻ എത്തി. 90km പോകാൻ ഏകദേശം 3മണിക്കൂർ !

സോമണ്ണൻ നമ്മുടെ പ്രിയ നൻപൻ എങ്കിലും, സ്റ്റേഷൻ എത്തി 10 മിനുട്ടിൽ തന്നെ അതിൽ ഒരു തിരുത്ത്‌ വന്നു ! ____ പൻ !

ഇന്ത്യൻ റെയിൽവേ അല്ലെ... ട്രെയിൻ 20 മിനുട്ട് ലേറ്റ്. സമാധാനമായി.. തിരക്കിട്ട് ഇറങ്ങിയതുകൊണ്ട് 2 കുപ്പി വെള്ളം എടുത്തതല്ലാതെ ഒന്നും വാങ്ങാൻ പറ്റീല്ല. സമയം ഉണ്ട്.

നൈറ്റ്‌ - 1 

ട്രെയിൻ വന്നു നിന്ന്. ഞാൻ അകത്തു കയറി സീറ്റ് നോക്കിയതും തിരുപ്പതിയായി. സിംഗിൾ സീറ്റ് സൈഡ് ആണ്. അതും ഡോർനു ചേർന്ന്.
ദി പോയിന്റ്‌ റ്റു നോട്ട് ഈസ്‌- നോ പ്ലഗ് പോയിന്റ്‌സ് !
കഷ്ടപ്പെട്ട് ഡൌണ്‍ലോഡ് ചെയ്ത ലൂതെർ, ദി ഫാൾ, ഹാനിബൾ, ഒക്കെ ഇനി വീട്ടിൽ ചെന്നിട്ടെ നടക്കു എന്ന് ബോധ്യമായി ! ഫേസ് (റീഡ് ഇൻ തമിൾ) !
നന്പന്റെ മുഖം ഞാൻ സ്മരിച്ചു!

അപ്പോൾ തന്നെ ഇറങ്ങി അടുത്ത ബുക്ക്‌ കടയിലേക്ക് ഓടി, രണ്ടു ബുക്ക്‌ മേടിച്ചു, ഒരു ഡാൻ ബ്രൌണ്‍, ഒരു അഗാത ക്രിസ്റ്റി. ഈ യാത്രക്ക് ഇത് മതിയാവുമായിരിക്കും. പിന്നെ കുറെ ചിപ്സ്, ലേയ്സ് ഫ്രൂട്ടി ഒക്കെ വാങ്ങി സ്റോക്ക് ചെയ്തു വണ്ടി കേറി.

12 മണി അടിച്ചപ്പോളെക്കും വണ്ടി നീങ്ങി തുടങ്ങി. പതിയെ എല്ലാരും ലൈറ്റ് അണച്ച് കിടക്കുന്നു. കഴിഞ്ഞ ഫുട്ബോൾ വേൾഡ് കപ്പ്‌ നു ശേഷം 3 മണി ആകും മുമ്പേ ഉറങ്ങാത്ത ഞാൻ കണ്ണും മിഴിച്ചു ഇരിപ്പായി. കുറച്ചു വായിക്കാം...
ബുക്കെടുത്ത്‌ സയിടിലത്തെ റീടിംഗ് ലൈറ്റ് തുറന്നതും... ഇരുട്ട്! വെളിച്ചമില്ല! ലൈറ്റ് കത്തുന്നില്ല! അപോ ബുക്ക് വായനയും ഗോവിന്ദ!

നൻപന്റെ മുഖം ഞാൻ നന്ദിപൂർവം സ്മരിച്ചു... ____ പൻ ! അവനും അവന്റെ ഒരു ഊൗൗ_______ ഞ്ഞാലാടിയ ഇന്ത്യൻ റെയിൽവേസും !

കിടന്നുറങ്ങാൻ ശ്രമിക്കാം, കിടന്നു 10 ഇനുട്ടിൽ വീണ്ടും എണീറ്റ്‌. സെക്കണ്ട് AC യിൽ അസഹനീയമായ ചൂട് ! അപ്പുറത്തെ ബെർത്തിൽ കിടന്നു ഉറങ്ങുകയായിരുന്ന ഹിന്ദിക്കാരും എണീറ്റ്‌ ശകാരങ്ങൾ തുടങ്ങീട്ടുണ്ട്. അപ്പൊ എന്റെ മാത്രം തോന്നലല്ല. അറ്റൻഡർ വന്നു AC മാക്സിമം തണുപ്പിൽ സെറ്റ് ചെയ്തു ഹിന്ദിക്കാരെ ശാന്തരാക്കി. ഞാൻ വീണ്ടും കിടന്നു. പിന്നെ ഓരോ തവണ ഷീറ്റ്, കമ്പിളി കൊടുക്കാൻ വരുന്നവരു വാതിൽ തുറക്കുംബോളും ഡോർ വന്നു എന്റെ ബെർത്തിൽ ഇടിക്കും, ഞാൻ ചാടി എണീക്കും. ഓരോരുത്തർ വന്നു കേറുമ്പോളും ഇത് തന്നെ അവസ്ഥ. ഒരുമാതിരി വലിയ വലിയ ഹോട്ടൽസിന്റെ മുന്നിൽ നിക്കണ മീശക്കൊമ്പൻറെ റോൾ ആയിരുന്നു മുക്കാൽ സമയവും. മാരണം ! ഇന്ന് ഒന്ന് ഉറങ്ങാൻ പറ്റിയാൽ ഭാഗ്യം. മൊബൈലിലെ പട്ടു കേട്ട് അവസാനം എങ്ങനോ ഉറങ്ങി...

ഡേ 1 

ട്രെയിൻ എവിടെയോ വന്നു നിന്നു, ഞാനും പതുക്കെ കണ്ണ് തുറന്നു പുറത്തേക്കു നോക്കി. കോട്ട ആണ് സ്റ്റേഷൻ. രാജസ്ഥാൻ തന്നെ! ശ്ശെടാ! വീണ്ടും രാജസ്ഥാനോ??? അപ്പൊ രാജസ്ഥാൻ വഴി പോകുന്ന തീവണ്ടിയിൽ കേറാൻ ആണോ ഞാൻ ടാക്സി കാശും കൊടുത്ത് ഡല്ഹി വരെ പോയത് ! ഇവർക്ക് ഒന്ന് അടുത്ത സ്റ്റേഷനിൽ വല്ലോം സ്റ്റോപ്പ്‌ വച്ചിരുന്നെങ്കിൽ പകുതി മിനക്കേട് ഒഴിവാക്കാമായിരുന്നു.. ഉറക്കക്ഷീണം മാറിയിട്ടില്ല. കുറേപ്പേരെ വാതിൽ തുറന്നുകൊടുത്തു യാത്രയാക്കി, മറ്റു ചിലർ അകത്തേക്കും കേറി. ട്രെയിൻ  അനങ്ങി തുടങ്ങി ഞാൻ വീണ്ടും ഉറങ്ങാനും.

നേരം കുറെച്ചായി ഞാൻ പിന്നെ എണീറ്റപ്പോൾ, അടുത്ത സ്റ്റേഷൻ എത്തിയിരിക്കുന്നു. ഞാൻ എണീറ്റ്‌ വിന്ഡോ കർട്ടൻ മാറ്റി പുറത്തേക്കു നോക്കി...അയ്യേ ! ച്ചേ! തൂറിയ ? എന്ന് ! ഇതെന്താ ആളെ കളിയാക്കുന്നോ? കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. സംഭവം അത് തന്നെ.. തൂറിയ ! ഒരു സ്റ്റേഷൻറെ പേരാണ് ! മധ്യപ്രദേശിൽ എങ്ങോ ആണെന്ന് നോക്കിയ മാപ്സ് പറഞ്ഞു തന്നു.

വാട്ട്സാപ്പിൽ നമ്മുടെ ഗ്രൂപ്പ്‌ ആക്റ്റിവ് ആയി തുടങ്ങിയിരിന്നു രാവിലെ തന്നെ. ഉടൻ തന്നെ ഞാൻ അത് പോസ്റ്റ്‌ ചെയ്തു. ഉടനടി സജെഷൻസും വന്നു..
- പൊയ് എഴുതി വെക്കട ബോർഡിൽ "തൂറി" എന്ന്.. (അൽ ഐൻ സാബുമോൻടെ വക കമന്റ്‌)
- "കഴുകിയ?" (അമേരിക്കയിൽ നിന്നും ജോണ്‍ അച്ചായന്റെ കമന്റ്‌)

കമന്റ്‌കൾ വായിച്ചു ഊറി ചിരിക്കുന്നതിനിടെ ട്രെയിൻ വിട്ടു..

രത്ത് ലം സ്റ്റേഷൻ എത്തി, അതികം കഴിയും മുമ്പേ... പുറത്തേക്കിറങ്ങി നോക്കുമ്പോൾ കാണുന്ന ആദ്യ കട ഒരു ടി-സ്റ്റാൾ ആണ്.. ബാലാൻ'സ് ദേ ഒരു മലയാളിക്കട. മലയാളി എവടെ ചെന്നാലും ഒരു ടീ സ്റ്റാൾ തുടങ്ങും / ചന്ദ്രനിൽ പോയാലും ചൊവ്വയിൽ പോയാലും അവടേം മലയാളി ചായക്കട കാണും മുതലായാ ഒരുപാട് സ്റ്റീരിയോ
ടൈപ്പ് തമാശകൾ മനസ്സിലൂടെ കടന്നു പോയി. അതൊക്കെ ഓര്ത് നിക്കുമ്പോൾ അതാ ഒരാൾ ചപ്പാത്തിയും കിഴങ്ങ് കറിയുമായി "ഖാന ഖാന" എന്നും വിളിച്ചോണ്ട് നടക്കുന്നു.. ഇനി എപ്പോൾ എന്ത് കിട്ടും എന്ന് തീർച്ചയില്ലാത്തതിനാൽ ഞാൻ അതങ്ങ് മേടിച്ചു കഴിച്ചു (അതിന്റെ പരിണിത ഫലം ഞാൻ അന്ന് രാത്രി അറിഞ്ഞു, ഹാ.. ആ കഥ വഴിയേ.) സമയം ഉച്ചയോടു അടുക്കുന്നു.. ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി..

ബിൽഡി വഴി, ബാമ്നിയ യിലൂടെ, അമർഗർ ലക്ഷ്യമാക്കി..
ഇന്ത്യയുടെ നിഷ്കളംഗതയും, മനോഹാരിതയും തൊട്ടറിഞ്ഞ ഏതാനും കുറച്ചു മണിക്കൂറുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്‌.

(...റ്റു ബി കണ്ടിന്യൂഡ് ഓണ്‍ പാർട്ട്‌ 2...)




2 comments: