Tuesday 26 February 2013

ലോണ്ട ജങ്ങ്ഷന്‍ പാര്‍ട്ട് - 2 (LONDA Jn. Part - 2)

ലോണ്ട ജങ്ങ്ഷന്‍

പട്ടികളെ കണ്ടു പേടിച്ചിട്ടല്ല പക്ഷെ കൂടെ വന്നവരെ ആരെയും കാണാത്തോണ്ട് തിരിച്ചു സ്റ്റേഷനില്‍ കേറി ചെന്ന് നോക്കുമ്പോള്‍ അവടെ എന്തോ കശപിശ!

സ്ടുടെന്റ്സ് കണ്‍സെഷനില്‍ യാത്ര ചെയ്ത പലര്‍ക്കും ഐ.ഡി കാര്‍ഡ്‌ ഇല്ലായിര്‍ന്നു, അഥവാ ഉണ്ടെങ്കില്‍ അതൊക്കെ കീറിപ്പറിഞ്ഞു പേര് പോലും വായിക്കാന്‍ പറ്റാത്തതും. ഒടുവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മുറി കന്നടയിലും ഒക്കെ സംസാരിച്ചു സംസാരിച്ചു 2500 രൂപയില്‍ കിടന്ന ഫൈന്‍ 4500 രൂപയില്‍ എത്തിച്ചു അതും അടച്ചു യാത്ര തുടരാന്‍ ധാരണയായി. ഫൈന്‍ അടച്ച സന്തോഷത്തില്‍ റെയില്‍വേ അതികൃതര്‍ ഒരു സന്തോഷ-വാര്‍ത്ത കൂടി തന്നു - കാലത്ത് പത്തിനുള്ള ട്രെയിന്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി, അടുത്ത ട്രെയിന്‍ ഈ പട്ടിക്കാട് വഴി വരണത് രാത്രി 2 മണിക്ക് ആയിരിക്കും എന്ന്. പടപേടിച്ച്‌ പന്തളത്ത് ചെന്നപ്പോ അവിടെ പന്തളം സുധാകരന്റെ പ്രസംഗം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.

ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നും ഇല്ല. നമ്മുക്ക് മറ്റു വല്ല വഴിയും ആലോചിക്കാം എന്ന് പറഞ്ഞു എല്ലാരും പുറത്തേക്കു ഇറങ്ങി. ടാക്സി വിളിച്ചു പോകാന്‍ ആണെങ്ങില്‍ എല്ലാര്ക്കും കൂടി ഒരു 8-10 ടാക്സി വിളിക്കേണ്ടി വരും. ഒന്നാമതേ ഫൈന്‍ അടച്ചു 10-12 ഫുള്‍ എടുക്കാനുള്ള കാശു കളഞ്ഞു. ഇനി അധിക-ചെലവ് വേണ്ടെന്നു നിശ്ചയിച്ചു നടന്നപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് മനസിലായി. ടാക്സി വിളിച്ചു പോകാന്‍ ആണെങ്ങ്കില്‍ തന്നെ ട്രിപ്പ്‌ അടിക്കേണ്ടി വരും, 10 തവണ. കാരണം അവിടെ ഒരു ടാക്സിയെ ഒള്ളു, അതാണെങ്കിലോ ഒരു ടാക്സി അല്ല, ഒരു ജീപ്പ് സര്‍വീസ് ആണ്. അവിടുത്തെ ഏറ്റവും കാശുകാരന്റെ ഒരു സാധുര-സേവന-ഏര്‍പ്പാട്. പിന്നെ ഉള്ളത് ഒരു സാധാ ഓട്ടോയും 2 പെട്ടി ഓട്ടോകളും! അവരോടു ചോദിച്ചറിഞ്ഞു അടുത്ത ബസ്‌ സ്റ്റാന്‍ണ്ട് ഒരു കിലോമീറ്റെര്‍ അകലെയാണ്. അവര്‍ക്ക് കോള് ഒത്തു. പെട്ടിയും തൂക്കി നടക്കാന്‍ വയ്യാത്ത സാധു ജനങ്ങളെ വണ്ടികളില്‍ കയറ്റി വിട്ടിട്ടു ആരോഗ്യശ്രീമാന്‍മാരായ ഞങ്ങള്‍ അത് നടന്നു താണ്ടുവാന്‍ തീരുമാനിച്ചു. കാഴ്ചകളും കാണാല്ലോ.

അവിടുത്തെ മെയിന്‍ റോഡ്‌ വഴി വേണം ബസ്‌ സ്റ്റാണ്ടിലേക്ക് പോകാന്‍. ആ വഴി നടന്നപോള്‍ കണ്ടു, ഇതൊരു ഓണം കേറാ മൂലയാനെന്നു ! ആകെ 3 കടകള്‍. ഭാഗ്യം അതില്‍ ഒരു കടയില്‍ എയര്‍ടെല്‍ ബോര്‍ഡ്‌ വച്ചിട്ടുണ്ട്. പിന്നെ മുമ്പ് പറഞ്ഞ ആ ഹോട്ടല്‍. പിന്നെ ഒരു സ്കൂള്‍, 4 വരെ മാത്രേ ഒള്ളു. ഒരു ഫോറെസ്റ്റ് ഓഫീസേര്‍സ് ബംഗ്ലാവ്, ലോണ്ട ടൌണ്‍ തീര്‍ന്നു !

ട്രെയിന്‍ ഇറങ്ങിയപോള്‍ കര്‍ണാടക സിഗ്നല്‍ ആണ് കാണിച്ചതെങ്കില്‍, നടന്നു നടന്നു ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയിപോള്‍ കാണിച്ചു "വെല്‍കം റ്റു മഹാരാഷ്ട്ര" .

ആരെങ്കിലും ഗോവയില്‍ പോയി ബസ്‌ വിളിച്ചോണ്ട് വന്നാലെ ഒള്ളു. സര്‍വീസ് ഇവിടെ ദിവസം 3-4 എണ്ണമേ ഒള്ളു. കൂട്ടത്തില്‍ മുതിര്‍ന്ന ഒരു ഹരി ചേട്ടന്‍ ആ മിഷന്‍ ഏറ്റെടുത്തു, ഒരു മലംച്ചരക്ക് കൊണ്ട് പോണ ജീപ്പില്‍ കേറി സ്ഥലം വിട്ടു. ഗോവയില്‍ എത്താന്‍ കുറഞ്ഞത് ഒന്നര മണിക്കൂര്‍, അവിടെ ചെന്ന് ബസ്‌ അറേഞ്ച് ചെയ്തു തിരിച്ചു എത്താന്‍ വീണ്ടും ഒരു രണ്ടു മണിക്കൂര്‍. മൂന്നര മണിക്കൂര്‍ കിടക്കുന്നു ഇനിയും. റെയില്‍വേ കക്കൂസില്‍ പോകാന്‍ ധൈര്യമില്ലതവരും, പറ്റാത്തവരും സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് വെള്ളം (മിനെരല്‍ വാട്ടര്‍ എന്ന് സ്ടിക്കെര്‍ ഒട്ടിച്ച കുപ്പികള്‍) വാങ്ങി കാട് കയറി. പ്രൈവസി വേണം എന്ന് വാശിയുള്ള ചിലര്‍  ബംഗ്ലാവിന്റെ വേലിയും ചാടി.

ചിലര്‍ ചീട്ടു കുത്തെടുത് കളി തുടങ്ങി. ബാക്കിയുള്ളവര്‍ ബോറടിച്ചു ബാഗുകളില്‍ തിന്നാന്‍ വല്ലോം ഉണ്ടോ എന്ന് തിരച്ചില്‍ തുടങ്ങി. നോക്കുമ്പോള്‍ അതാ ഒരുത്തന്‍റെ ബാഗില്‍ ഒരു ടെന്നീസ് ബോള്‍. ഗോവയില്‍ എറിപ്പന്തു കളിയ്ക്കാന്‍ കൊണ്ട് വന്നതാണ്. ഇതെങ്കില്‍ ഇത്, സമയം പോകുമല്ലോ എന്ന് കരുതി, നമ്മള്‍ 'ക്യാച്ച് ആന്‍ഡ്‌ ക്യാച്ച്' കളിയ്ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി. ഒരു പത്തു മിനിറ്റ് അങ്ങോട്ട്‌ കഴിഞ്ഞതും, ചുറ്റും കുറച്ചു ജനം. കീരീടത്തില്‍ ലാലേട്ടന്‍ കീരിക്കാടനെ അടിച്ചു വീഴ്ത്തുന്നത് കാണാന്‍ വന്നു നിക്കുന്ന പോലെ ! ചുറ്റും കൂടി നിക്കുകയാണ് !

ഞാന്‍ അവരെ നോക്കി. സഹതാപ്പിക്കണോ, കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലായി. വിംബ്ള്‍ടണില്‍ കളി നടക്കുമ്പോള്‍ റൊളക്സ് പരസ്യത്തില്‍ കാണിക്കുന്നത് പോലെ ആളുകള്‍ ബാളില്‍ തന്നെ നോക്കി തല അങ്ങോട്ട്‌ തിരിക്കുന്നു, പിന്നെ ഇതാ ഇങ്ങോട്ട് തിരിക്കുന്നു.. ബാളിന്റെ ഭ്രമണപദത്തില്‍ ആണ് അവരുടെ ശ്രദ്ധ മുഴുവനും. അവര്‍ ബാളും ഇങ്ങനൊരു കളിയും ഒക്കെ ആദ്യമായി കാണുകയാണ് എന്ന് എനിക്ക് തോന്നി. മറ്റു ചിലര്‍ അന്തംവിട്ടു കുന്തംവിഴുങ്ങി നിന്ന് ചീട്ടുകളി കാണുന്നു.. ഈ കോമെടി ഷോകള്‍ ഒക്കെ നടക്കുന്നതിനിടയില്‍ മൂന്നു-മൂന്നര മണിക്കൂര്‍, അല്ല അതിലും കൂടുതല്‍, പോയത് അറിഞ്ഞില്ല. വിശപ്പിന്റെ വിളി സഹിക്കവയ്യാതായപ്പോള്‍ ദൂരെ നിന്ന്  എന്തെന്നില്ലാത്ത ഒരു കടകട സബ്ദം കേള്‍ക്കുമാറായി, നമുക്ക് പോകാന്‍ ഒള്ള ബസ്സുകള്‍ എത്തി.

റോഡില്‍ ഇറങ്ങിയപ്പോള്‍ അടുത്ത മെസ്സേജ് വന്നു "വെല്‍ക്കം റ്റു ഗോവ"...
"ഹൊഹ്, ഇനി വെറും 2 മണിക്കൂര്‍, അത് കഴിഞ്ഞാല്‍ "ഗ്ഗോാാവ്വാാാാാ" എന്ന് എല്ലാരും ഒരേ സ്വരത്തില്‍ അലറി.

എങ്കിലും അത്ര പെട്ടെന്ന് നമ്മള്‍ക്ക് സ്വര്‍ഗ്ഗരാജ്യം തരില്ലെന്ന് ബോധ്യമായി.

ഹോണ്‍ ഒഴികെ മറ്റെല്ലാത്തിനും സൌണ്ട് ഉള്ള, തേര്‍ഡ് ഗിയറിനു മുകളില്‍ കേറാന്‍ കഴിയാത്ത ആ ബസ്സില്‍ നിരങ്ങി നിരങ്ങി ആയിരുന്നു യാത്ര. മണിക്കൂറില്‍ ഒരു വണ്ടിയെ മാത്രം വെച്ച് കണ്ടുമുട്ടുന്ന, വളവോ തിരിവോ ഇല്ലാത്ത സൂപ്പര്‍ ഹൈവേ, ഒരാള്‍ക് വേറെ ഏതു വണ്ടിയില്‍ ആണെങ്കിലും ആ 80 കിലോമീറ്റെര്‍ പോകാന്‍ ഒരു മണിക്കൂര്‍ മതിയാകും, എന്നിട്ടും ആ കട്ടപ്പുറത്ത് കണ്ടം ചെയ്യറായ ആ ബസ്സില്‍ 4 മണിക്കൂര്‍ എടുത്തു ഗോവ എത്താന്‍ ! അങ്ങനെ 2:30 നു തുടങ്ങിയ ആ യാത്ര 6:30 നു അവസാനിച്ചു.

ഇത്തവണ ഞങ്ങള്‍ (കലി തീര്‍ക്കാന്‍ എന്നാ മട്ടില്‍) ശെരിക്കും അലറി ... ഗ്ഗോാാാവ്വാാാാാാ !