Wednesday 16 January 2013

ലോണ്ട - ജങ്ങ്ഷന്‍ പാര്‍ട്ട്‌ -1 (LONDA Jn. Part-1)

ലോണ്ട - ജങ്ങ്ഷന്‍ 

പൊതുവിവരത്തിന് : ഇത് തിരോന്തോരത്തുകാര് പറയുംപോലെ 'ലോണ്ടെ ആ കാണണ ജങ്ങ്ഷന്‍' അല്ല മറിച്ചു ഒരു സ്ഥലം ആണ്. ഒരു റെയില്‍വേ സ്റ്റേഷന്‍. (ഷോര്‍ണൂര്‍ ജങ്ങ്ഷന്‍ എന്നൊക്കെ പറയും പോലെ) ഒരു 4 കൊല്ലം മുമ്പ് വരെ ഇന്ത്യന്‍ ഭൂപടത്തില്‍ ഇല്ലാതിരുന്ന ഒരു സ്ഥലം. ഇന്ന് അത് ഗൂഗിള്‍ മാപ്സില്‍ വരെ കാണാം. അതിനു നന്ദി പറയേണ്ടത് ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളോടും.

സമയം വെളുപ്പിനെ എഴുമണി, ഒരു ചിന്നം വിളിയോടെ അവര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി നിന്നു. ഇത്ര വേഗം സ്ഥലം എത്തിയോ എന്നാ മട്ടില്‍ കുറച്ചു തലകള്‍ പൊങ്ങി തീവണ്ടിയുടെ ജനാല വഴി പുറത്തേക്കു നോക്കി. "ഇല്ലടാ ഇതേതോ ഗുദാം ആണ്. ലോണ്ട ജങ്ങ്ഷന്‍"....", സ്ഥലം എത്താന്‍ ഇനിയും കുറെ ഉണ്ടെന്നു തോന്നുന്നു" അതില്‍ പല തലകളും പറഞ്ഞു. തലകള്‍ താഴ്ന്നു, പുതപ്പിനടിയിലേക്കു കയറി.

അപ്പോഴേക്കും ആരോ കൂവി (കോഴി അല്ല) "ട്രെയിന്‍ ഇതുവരേ ഒള്ളു, ഇനി ഇവിടുന്നു മാറി കയറണം"
"മൈ ലൂ.. (പഞ്ചസാര പാട്ട് അല്ല) ഉറങ്ങാനും സമ്മതിക്കൂല" എന്നും പറഞ്ഞു കുറെ തലകള്‍ ഉയര്‍ന്നു. അവര്‍ ബാക്കിയുള്ളവരെ കുത്തിപ്പൊക്കി.

എല്ലാരും ട്രെയിനിനു പുറത്തിറങ്ങി, ഇനി ആരും ഉറങ്ങിപ്പോയി, ഇറങ്ങാന്‍ ഇല്ലെന്നു ഉറപ്പുവരുത്തി.
"എപ്പോഴാ മാറി കയറേണ്ട ട്രെയിന്‍ വരുന്നേ?" എവിടുന്നോ വീണ്ടും ചോദ്യം.
സംഘത്തിന്‍റെ മറ്റേ അറ്റത് നിന്ന് മറുപടി "അടുത്ത ട്രെയിന്‍ പത്തു മണിക്കാണെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു"
"ഓ അപ്പൊ ഒരു ചായ കുടിച്ചു കക്കൂസ്സില്‍ പോയേച്ചും വരാനുള്ള ടൈം ഉണ്ട്" - മറ്റൊരു കമന്‍റ് 
"കക്കൂസ്സില്‍ പോയില്ലെങ്കിലും വേണ്ടൂല, എനിക്ക് വല്ലോം തിന്നണം, ഒടുക്കത്തെ വിശപ്പ്!" - മറ്റൊരുത്തന്‍

അവര്‍ പതുക്കെ പ്ലാറ്റ്ഫോറത്തിലൂടെ നടക്കാന്‍ തുടങ്ങി. ഒരു കൂട്ടം കാന്‍റീനിലേക്ക്, മറ്റൊരു കൂട്ടം കക്കൂസ് തേടി, വൃത്തിയും വെടിപ്പും ഉള്ള ചിലര്‍ ബ്രഷും എടുത്ത് അടുത്തുള്ള ടാപ്പിന്റെ ചുവട്ടിലെക്കും. 3 മണിക്കൂര്‍ ഉണ്ടല്ലോ കളയാന്‍, അടുത്ത ട്രെയിന്‍ വരുന്നത് വരെ.

ഞാന്‍ പോയത് "കോഫീ ഷോപ്പ്" എന്ന് ബോര്‍ഡ്‌ വച്ച ഒരു കടയിലേക്ക്. അവിടെ ചെന്ന് കോഫീ ഉണ്ടോ എന്ന് ചോദിച്ചപോള്‍ "നഹീ" എന്ന് മറുപടി കിട്ടി. ജീവിതത്തില്‍ അന്ന് ആദ്യമായി കോഫി ഇല്ലാത്ത കോഫീ ഷോപ്പ് ഞാന്‍ കണ്ടു. ഖാന എന്നും പറഞ്ഞപോള്‍ ബണ്‍ എന്ന് മറുപടി. എല്ലാം ഒറ്റവാക്കില്‍ . ബണ്‍ എങ്കില്‍ ബണ്‍ എന്ന് വെച്ച് അതിലേക്കു നോക്കിയാ ഞാന്‍ ഞെട്ടി. 4 കളറില്‍ ഏതാനും ബണ്ണുകള്‍ , ഒരു ബണ്‍ - ഏറ്റവും  താഴെ കറുപ്പ് നിറം (എന്തുകൊണ്ടെന്ന് ചോദിക്കരുത്) അതിനു മുകളില്‍ കുറച്ച് ഭാഗം ബണ്ണിന്‍റെ യഥാര്‍ത്ഥ നിറം. അതിനു മുകളില്‍ പൂത്തു പൂത്തു ഒരു അത്തപ്പൂക്കളം പോലെ പച്ച നിറം, ആ പച്ചയുടെ മുകളില്‍ അത്തത്തിനു നടുവില്‍ ഉള്ള മുത്തപ്പനെ പോലെ പൂപ്പല്‍ പോലും ചത്ത്‌ ഗ്രേ കളറില്‍ ഇരിക്കുന്നു! കണ്ടമാത്രയില്‍ തന്നെ നീട്ടി ഒരു വാള്‍ വെക്കാന്‍ മനസ്സ് പറഞ്ഞെങ്കിലും കാലി വയര്‍ അതിനു അനുവദിച്ചില്ല! കേരളത്തില്‍ ആയിരുന്നെങ്ങില്‍ ഫുഡ്‌ പോയിസണിങ് എന്ന പേരില്‍ കട പൂട്ടിയേനെ.

എന്തായാലും ബണ്‍ വേണ്ടാന്ന് വെച്ച് ഞാന്‍ സ്റ്റേഷന് പുറത്തിറങ്ങി. അടുത്ത് നോക്കുമ്പോള്‍ തരക്കേടില്ലെന്ന് തോന്നിക്കുന്ന ഒരു ഹോട്ടല്‍, കേറി വീണ്ടും ചോദിച്ചു കോഫീ? നഹീ ഒണ്‍ലി ജ്യൂസ്‌ എന്ന് വീണ്ടും. (ഇന്നാട്ടുകാര്‍ക്കെന്താ കാപ്പി ഹറാം ആണോ? ഒരു നിമിഷം ചിന്തിച്ചു) ജ്യൂസ്‌ എങ്കില്‍ ജ്യൂസ്‌ എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പെസ്പി ഓര്‍ സ്പിരിറ്റ്‌ എന്ന്. സ്പിരിറ്റ്‌ വേണ്ടാന്ന് വച്ച് ഞാന്‍ ഒരു പെപ്സിക്ക് പറഞ്ഞു. കൊണ്ട് വന്ന സാധനം കണ്ടു ഞാന്‍ ധ്രിതങ്കപ്പുളകിതനായിപ്പോയി ! ഞാന്‍ കരുതിയ പോലെ ആള്‍ക്ക് വിവരം ഇല്ലാത്തത് അല്ല, അത് പെപ്സിയും അല്ല. ഐറ്റം "പെസ്പി" തന്നെ. കുപ്പിയുടെ പുറത്തുള്ള പടത്തില്‍ "വിനോദ് ഖന്ന വിക്ടറി ചിന്നവുമായി ഇളിക്കുന്നു" എമോട്ടിക്കോണ്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഖം " :O " എന്ന് ആയിപ്പോയി.
പിന്നെ അറ്റകൈക്ക്കത്രിന കൈഫ്‌'ന്റെ പടം കണ്ട എന്തോ ഒന്ന് വാങ്ങി കുടിച്ചു ദാഹം അടക്കി. കത്രിന കൈഫ്‌ വന്നിട്ട് അന്ന് 3-4 കൊല്ലം ആകുന്നെ ഒള്ളു അപ്പോള്‍ മാക്സിമം അത്രെയും പഴക്കമെ അതിനുണ്ടാകു എന്നാ ആശ്വാസത്തില്‍ !

തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് നിന്നും പുറത്തേക്കു ഇറങ്ങി. മനോഹരമായ ഒരു നാട്. റെയില്‍വേ പാളo രണ്ടായി ഭാഗിച്ചു പോകുന്നു. ഒരു വശത്ത് നോക്കെത്താദൂരത്തോളം പാടങ്ങള്‍, എങ്ങും പച്ച. ഇപ്പുറത്ത് മുഴുവന്‍ കാട്. അതിലൂടെ ഒരു റോഡ്‌, റോഡില്‍ കുറെ പട്ടികളും തീര്‍ന്നു! "ഇതേതു ഗുദാം? എന്തായാലും കാണാന്‍ കൊള്ളാം! മനുഷ്യന്മാരില്ലേ ഈ നാട്ടില്‍........?"

(റ്റു ബീ കണ്ടിന്യൂട് ഇന്‍... പാര്‍ട്ട്‌ 2)

3 comments:

  1. PART 2 vaayikkaam ivide - http://karnnabhaaram.blogspot.in/2013/02/2.html

    ReplyDelete
  2. Superb!! Great sense of humour. Just enjoyed it thoroughly! :) keep writing. Thanks for this one! :)

    ReplyDelete