Tuesday 18 October 2011

കുത്തിക്കുറിച്ച ഒരു കലണ്ടര്‍.


കുത്തിക്കുറിച്ച ഈ ഒരു കലണ്ടര്‍ അതികം വൈകാതെ തന്നെ തീരുന്നു. ഒരു കൊല്ലം! അതെത്ര പെട്ടന്നാണ് കടന്നു പോകുന്നത്..

വീണ്ടുമിതാ ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക്.. അല്ലെങ്ങില്‍ സ്വാതന്ത്ര്യം എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു.

ഞാന്‍ എവിടെ നിന്നാണ് ഈ കഴിയുന്ന വര്‍ഷം തുടങ്ങിയത്? ഇപ്പോള്‍ ഞാന്‍ എവിടെ നില്കുന്നു?
ഈ ഒരു കാലയളവില്‍ ഞാന്‍ എന്തൊക്കെ നേടി? എന്തൊക്കെ നഷ്ടപ്പെടുത്തി? എന്നിങ്ങനെയുള്ള കുറെ ചോദ്യങ്ങളും ബാക്കിയായി..

ഈ വര്‍ഷം തീരുന്നതിനു മുന്‍പുള്ള ഈ ഒരു ചെറിയ ഇടവേളയില്‍ അത് കണ്ടെത്താന്‍ ആവണം എന്‍റെ യാത്ര എന്ന് മനസ്സ് പറയുന്നു.

എങ്ങോട്ട് പോകണമെന്നോ, എങ്ങോട്ട് തിരിയണമെന്നോ , എവിടുന്നു തുടങ്ങണമെന്നോ അറിയാത്ത ഒരു യാത്രയുടെ തുടക്കം. കുറച്ചേറെ അറിവ് നേടി എന്നു തന്നെ പറയാം. പഠന-വിഷയ-സംഭാന്ധമായും, ജീവിതത്തെക്കുറിച്ചും. വളരെയധികം നാഴികക്കല്ലുകള്‍ പിന്നിട്ട  ഒരു വര്‍ഷമായിരുന്നു ഇതെന്ന് തീര്‍ച്ചയായും ഉറപ്പിക്കാം. പണം ഇന്ന് വരും, നാളെ പോകും എന്നാണ് പറയാറ്, അതുകൊണ്ട് ആ ധന-ലാഭ-നഷ്ട കണക്കു ഞാന്‍ ഇവിടെ ചേര്‍ക്കുന്നില്ല.

പഴയ കലണ്ടര്‍ എടുത്തു വീണ്ടും ഞാന്‍ ഒന്ന് മറിച്ചു നോക്കി പ്രധാനപ്പെട്ട തീയതികളും മറ്റും അടിവരയിട്ടു രേഖപ്പെടുത്തിയിരിക്കുന്നു. കൂടുതലും പഠന സംഭാന്ധമായ കാര്യങ്ങള്‍ ആണ്. ഇടയ്ക്കു എവിടെയോ കുറിച്ചു കളങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു.. അവ്ടെക്ക് ശ്രദ്ധപതിപ്പിച്ചപ്പോള്‍ ഒരു ഫ്ലാഷ് ബാക്ക് എന്നാ പോലെ കുറെ ഓര്‍മ്മകള്‍ മനസ്സിലേക്ക് പാഞ്ഞു കയറി വന്നു.

നഷ്‌ടമായ സ്വപ്‌നങ്ങള്‍ മുതല്‍ മരണം എന്നാ രംഗബോധം ഇല്ലാത്ത കോമാളിയുടെ ചെയ്തികള്‍ വരെ.. ചേച്ചിയുടെ മരണം മുതല്‍ ഒരിക്കലും കൂട്ടിച്ചേര്‍ക്കുവാന്‍ ആകാത്ത വിധം വേരറ്റു പോയ സുഹൃത്ബന്ധങ്ങള്‍ വരെ! സ്ഥിരം ശീലം എന്നാ നിലക്ക് ഇട്ടു വച്ച കുറച്ചു 'സ്മൈലി' കള്‍ മാത്രം അവിടവിടെ ആ കളങ്ങളില്‍ !

മരണത്തെ കുറ്റപ്പെടുത്താന്‍ ആവില്ല. അത് ഇപ്പോഴും അതിന്റെ കര്‍മം ചെയ്യും, മുടക്കം കൂടാതെ. പക്ഷെ അതുപോലെ ആണോ മറ്റുള്ളവ ? 'ഈഗോ' അഥവാ അഹംഭാവമോ സ്വതാല്പര്യചിന്താഗതികള്‍ മൂലമോ ഒക്കെ നഷ്ടപ്പെടുത്തിയതാണ് പലതും..പലരെയും.

തിരക്കുപിടിച്ച ഈ ജീവിതത്തില്‍ നാം നേടിയെന്നു പറയുന്നതൊക്കെ നേടിയതാണോ? (പ്രാഞ്ചിയെട്ടന്‍ സിനിമയുടെ അവസാന ക്ലൈമാക്സ്‌ രംഗം അറിയാതെ ഓര്‍ത്തു പോയി "നഷ്ടപ്പെട്ടു എന്ന് കരുതുന്നത് നിന്നിലേക്ക്‌ തിരിച്ചു വരില്ല എന്ന് നീ കരുതുന്നുണ്ടോ?" ~ ഫ്രാന്‍സിസ് പുണ്യാളന്‍ ). ഈ വിശ്രമവേളയില്‍ എനിക്ക് പിന്നിലോട്ടു ചിന്ധിക്കുവാന്‍ കുറച്ചു സമയം ദൈവമായി തന്നെ മാറ്റി വച്ചതാകണം. എന്‍റെ തെറ്റുകള്‍ വിശകലനം ചെയ്യുവാനും, അവ തിരുത്തുവാനും.

മനസ്സില്‍ ആകെ ഒരു ശൂന്യത..എങ്കിലും എന്തൊക്കെയോ മനസ്സില്‍ ഉറപ്പിചിട്ടെന്നപോലെ എന്‍റെ ഇഷ്ടപ്പെട്ട ചുവന്ന കുപ്പായവും എടുത്തിട്ട് ഞാന്‍ റോഡിലേക്ക് ഇറങ്ങി കിഴക്കോട്ടു നടന്നു.. എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ വീട്ടിലേക്കു...

Tuesday 11 October 2011

തുറന്നിട്ട ജാലകം


വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍
കഴിയാത്തവണ്ണം -
സുന്ദരമാം സ്വപ്നത്തെ
കാട്ടിത്തന്നു;
ആ തുറന്നിട്ട ജാലകം.

നാടെന്ന സ്വര്‍ഗം;
വീടെന്ന ക്ഷേത്രം;
അമ്മയെന്ന സ്നേഹം;
അച്ഛനെന്ന വാത്സല്യം;
കണ്ടതെല്ലാം അതിലൂടെ;
ആ തുറന്നിട്ട ജാലകം.

നിമിത്തമെന്നോണം കയറിവന്ന;
ജീവിതത്തിന്‍റെയും,
പിന്നീട് ജീവന്‍റെയും -
ഭാഗമായി മാറിയ സുഹൃത്തുക്കളും,
വേര്‍പിരിയാത്തവണ്ണം;
ആ തുറന്നിട്ട ജാലകം.

ഇണക്കവും, പിണക്കവും;
ഋതുക്കളും, കാലവും;
അനന്ധമാം പൊരുളും,
വിദ്യയെന്ന ധനവും,
അറിഞ്ഞതെല്ലാം അതിലൂടെ;
ആ തുറന്നിട്ട ജാലകം.